Monday 8 December 2014

സാമൂഹ്യ നീതിയുടെ മേഘ ജ്യോതിസ് - - അഡ്വ. മനു സെബാസ്റ്റ്യൻ [GUEST POST]


Presenting a guest post written for 'Kerala Law Review' by Manu Sebastian, Advocate, High Court of Kerala:



" സാധിച്ചു വേഗമധവ നിജ ജന്മകൃത്യം
സാധിഷ്ടർ പോട്ടെ- ഇഹ സദാ നിശി പന്ഥ പാദം
ബാധിച്ചു രൂക്ഷശില വാഴവ്തിൽ നിന്ന് മേഘ-
ജ്യോതിസ്സുതൻ ക്ഷണികജീവിതമല്ലി കാമ്യം"
-വീണപൂവ്‌, കുമാരനാശാൻ.




സത്കർമികൾ സ്വജന്മ കൃത്യം പൂർത്തീകരിച്ചതിനു ശേഷം വിട വാങ്ങുന്നു; സഞ്ചാരികളുടെ പാത മുടക്കുന്ന ശിലയുടെ രൂക്ഷതയെക്കാൾ , അവര്ക്ക് വഴി തെളിയിക്കുന്ന മിന്നൽ പിണരിന്റെ ക്ഷണികതയാണ്  ശ്രേഷ്ഠം എന്ന് ആശാൻ പാടുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥിയ്ക്കും, രാഷ്ട്രീയ സാമൂഹിക മേഖലകള്ക്കും ഒരു വഴികാട്ടിയായിരുന്ന, നൂറു വര്ഷങ്ങളോളം സദാ ജ്വലിച്ച ഒരു മേഘ ജ്യോതിസ്സാണ്, ജസ്റ്റിസ്‌ വീ. ആർ. കൃഷ്ണ ഐയ്യരുടെ നിര്യാണത്തിലൂടെ മറഞ്ഞിരിക്കുന്നത്. 

 
"നൂറു വര്ഷങ്ങളോളം സദാ ജ്വലിച്ച ഒരു മേഘ ജ്യോതിസ്സാണ്, ജസ്റ്റിസ്‌ വീ. ആർ. കൃഷ്ണ ഐയ്യരുടെ നിര്യാണത്തിലൂടെ മറഞ്ഞിരിക്കുന്നത്"
 ഇന്ത്യൻ നിയമ സംഹിതകൾക്ക് ഒരു മാനുഷിക മുഖം നല്കാനായി എന്നതും, നമ്മുടെ ഭരണഘടനാ വിഭാവനം ചെയ്യുന്ന ക്ഷേമരാഷ്ട്ര സങ്കല്പത്തിന്റെ സാക്ഷാത്കാരതിനുതകുന്ന വിധം സചേതനമായ വ്യാഖാനങ്ങൾ നല്കാനായി എന്നതുമാണ്‌ ഒരു ന്യായാധിപൻ എന്ന നിലയിൽ ജസ്റ്റിസ്‌ വീ. ആർ. കൃഷ്ണ ഐയ്യരുടെ ഏറ്റവും വലിയ സംഭാവന. സമൂഹത്തിലെ ഏറ്റവും ദുർബലനും അരക്ഷിതനും ആയ വ്യക്തിയുടെ പോലും അടിസ്ഥാനവും സ്വാഭാവികവും ആയ അവകാശങ്ങൾക്ക് സംരക്ഷണം നല്കുകയും,ഭരണകൂടത്തിന്റെ അധികാര ദുർവിനയോഗതിനും സ്വേചാധിപരമായ താല്പര്യങ്ങൾക്കും തടയിടുക എന്നതും ആണല്ലോ ഭരണഘടന കൊണ്ട് ഉദേശിക്കുന്നത്. ഭരണഘടനയുടെ കാവലാളും അന്തിമ വ്യാഖാതവും ആയ നമ്മുടെ സുപ്രീം കോടതി, സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ആദ്യ നാളുകളിൽ ഭരണഘടനയുടെ അന്തസത്തയ്ക്കും ആത്യന്തിക ലക്ഷ്യങ്ങൾക്കും അനുസൃതമായ സമീപനമാണോ കൈകൊണ്ടത് എന്ന് സംശയാസ്പദമാണ്. ലിഖിതങ്ങളുടെ അക്ഷരഅർത്ഥത്തിനു അമിത പ്രാധാന്യം നല്കുന്ന, കർക്കശവും സങ്കുചിതവുമായ ഒരു സമീപനമായിരുന്നു ആദ്യ നാളുകളിൽ നമ്മുടെ സുപ്രീം കോടതിക്ക്.ജീവനും വ്യക്തി സ്വാതന്ത്രത്തിനുമുളള ഒരുവന്റെ മൗലിക അവകാശം അപഹരിക്കുന്നത് നിയമാനുസൃതമായ ഒരു പ്രക്രിയയിലൂടെ മാത്രമായിരിക്കണം എന്ന് അനുശാസിക്കുന്ന ഭരണഘടനയുടെ 21-ആം അനുഛെധതിനു, എ.കെ . ഗോപാലന്റെ കേസിൽ 1950 ഇൽ(A K Gopalan vs State of Madras AIR 1950 SC 27) നല്കിയ വ്യാഖാനവുമായി നമുക്കിന്നു സമരസപ്പെടുവാൻ ബുദ്ധിമുട്ടുണ്ടാകും. ജീവനും  വ്യക്തി സ്വാതന്ത്രത്തിനുമുളള ഒരുവന്റെ മൗലിക അവകാശം അപഹരിക്കുന്നത് നിയമാനുസൃതമായ ഒരു നടപടിക്രമത്തിലൂടെ  ആകാം  എന്നും, അത്തരം നടപടിക്രമം ന്യായവും യുക്തിപരവും ആണോ എന്ന് കോടതി പരിശോധിക്കേണ്ടതില്ല എന്നും, ഒരു നിയമാനുസൃത നടപടിക്രമം നിലവിലുണ്ടെങ്കിൽ, അത് എത്ര യുക്തിരഹിതമായാലും, ഭരണഘടനയുടെ ഉപാധികൾ പാലിക്കപെടും എന്നുമായിരുന്നു അന്നത്തെ കോടതിയുടെ നിലപാട്. അന്നത്തെ ഭരണകര്താകളുടെ ഉദ്ദേശശുദ്ധിയിൽ പരിപൂർണ വിശ്വാസമുള്ളത് കൊണ്ടാണ് കോടതി അത്തരം ഒരു സങ്കുചിത നിലപാട് സ്വീകരിച്ചത്. പക്ഷെ, കാലക്രമേണ അത് ധാരാളം അധികാരദുർവിനയോഗതിനും അനീതിക്കും കാരണമായി. ആ സാഹചര്യത്തിലാണ് 1978-ലെ മനേക ഗാന്ധി കേസിൽ(Maneka Gandhi vs. Union of India AIR 1978 SC 597),  ജസ്റ്റിസ്‌ കൃഷ്ണ അയ്യർ കൂടി ഉൾപെട്ട ഭരണഘടനാ ബെഞ്ച്‌ വിശാലമായ ഒരു വ്യാഖാനം നല്കുന്നത്. ഇന്ത്യൻ ജഡീഷ്യരിയിൽ വിപ്ലവാത്മകമായ മാറ്റങ്ങള്ക്ക് തുടക്കം കുറിച്ച ആ വിധിയിൽ, നടപടിക്രമം നിയാമാനുസ്രതം ആയാൽ മാത്രം പോര, അത് ന്യായവും യുക്തവും കൂടി ആയിരിക്കണം  എന്ന് വിധിക്കുകയുണ്ടായി. സ്വാതന്ത്ര്യം ആണ് ഒരു വ്യക്തിയുടെ ഏറ്റവും അമൂല്യമായ സംബത്തെന്നും, അത് അന്യായം ആയി അപഹരിക്കാൻ ഭരണകൂടത്തെ അനുവദിക്കരുതെന്നും തന്റെ പ്രത്യേക വിധിന്യായത്തിൽ അദ്ദേഹം നിരീക്ഷുക്കയുണ്ടായി. (The spirit of a man is at the root of Article 21 of the Constitution of India; personal liberty makes for the worth of the human person”)

നിയമം സമൂഹത്തിൽ നിന്ന് വേറിട്ട്‌ നില്ക്കുന്ന ഒരു അമൂര്ത്ത സങ്കല്പമോ, എഴുതപ്പെട്ട വാക്കുകൾക്കു നാനാഅർത്ഥങ്ങൾ കല്പിക്കുന്ന വ്യാഖനകലയോ, അറിവ് കുത്തകാവകശാമായി കരുതുന്ന വരേണ്യ ന്യൂനപക്ഷത്തിന്റെ ബൌദ്ധിക വിനോദമോ അല്ലെന്നും, പാവപ്പെട്ടവന്റെയും പാമരന്റെയും ശബ്ധരഹിതന്റെയും അടിസ്ഥാന അവകാശങ്ങള്ക്ക് പരിരക്ഷ നല്കുകയും അവരുടെ ക്ഷേമത്തിനും ഉന്നമനത്തിനും സഹായകമാവുകയും ചെയ്യുന്ന ഒരു ഉപാധിയായിരിക്കനമെന്നും അദ്ദേഹം അടിയുറച്ചു വിശ്വസിച്ചു. നിയമത്തിന്റെ സാങ്കേതിക തടസ്സങ്ങളിൽ നീതി  കാലിടറി വീഴുന്നത് അദ്ദേഹം അനുവദിച്ചിരുന്നില്ല. ലക്ഷകണക്കിന്  ദരിദ്രരും നിരക്ഷരരും കുടി കൊള്ളുന്ന ഇന്ത്യ മഹാരാജ്യത്ത്, നിയമം ദുർഗ്രഹതയുടെ രക്ഷസീയഭാവം എടുക്കുകയാണെങ്കിൽ, നീതിന്യായ വ്യവസ്ഥിതി  അർത്ഥരഹിതമായ ഒരു ദന്തഗോപുരം മാത്രമായി തീരുമെന്നയിരുന്നു അദ്ധേഹത്തിന്റെ വീക്ഷണം. വധശിക്ഷയ്ക്കു വിധിക്കപെട്ട്, ഏകാന്ത തടവിൽ കഴിഞ്ഞിരുന്ന സുനിൽ ബത്ര എന്ന തടവുകാരൻ, ഏകാന്ത തടവറയിലെ മനുഷ്യതരഹിതമായ സാഹചര്യങ്ങളെ പറ്റി പരാതിപെട്ടുകൊണ്ട് ജസ്റ്റിസ്‌ കൃഷ്ണ അയ്യര്ക്ക് എഴുതിയ ഒരു പോസ്റ്റ്‌ കാർഡിൽ നിന്നാണ് തടവുകാരുടെ അവകാശങ്ങളെയും അനുകൂല്യങ്ങളെയും പറ്റി പ്രദിപാദികൂന്ന 'സുനില ബത്ര'(Sunil Batra vs. Delhi Administration AIR 1978 SC 1675) കേസ് പിറവിയെടുക്കുന്നത്.വധശിക്ഷ കാത്തു കിടക്കുന്ന ഒരു കുറ്റവാളിക്കും  ചില അടിസ്ഥാന അവകാശങ്ങൾ  ഉണ്ടെന്നും, സഹജീവികളുമായി ഇടപെഴുകാനുള്ള അവകാശം നിഷേധിക്കുന്നത് ക്രൂരവും യുക്തിഹീനവുമനെന്നും, അതിനാൽ ഏകാന്ത തടവ്‌ മനുഷ്യമാനസാക്ഷിക്ക് നിരക്കാത്ത ഒന്നാണെന്നും അദ്ദേഹം വിധിച്ചത്, ഒരു നവ ചിന്താധാരക്ക് രൂപം കൊടുത്തു. പാപിയെ അല്ല പാപത്തെ ആണ് വെറുക്കേണ്ടത് എന്ന വിശാല വീക്ഷണമല്ലേ , തടവുകാരെയും മനുഷ്യരായി പരിഗണിക്കണം എന്ന ഉദ്ബോധനതിൽ പ്രതിഫലിക്കുന്നത്.? ഒരു രാജ്യത്തിന്റെ സംസ്കാരം അളക്കേണ്ടത്‌ അവിടെ തടവുകാര് എങ്ങനെ പരിചരിക്കപ്പെടുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കണം എന്ന മഹദ് വചനമായിരിക്കാം ആ ധിഷണയിൽ പ്രതിധ്വനിച്ചിട്ടുണ്ടാവുക .

അത് പോലെ, കോട്ടയം സബ് ജയിലിൽ അന്യായ തടവിലാക്കപെട്ട ഗോപാലാൻ ആചാരി എന്ന എഴുപതു വയസ്സുകാരാനായ വൃദ്ധനും നീതി തേടി അദ്ദേഹത്തിന് പോസ്റ്റ്‌ കാർഡ്‌ അയക്ക്കുകയുണ്ടായി. പോലീസിന്റെ ധാര്ഷ്ട്യത്തിലും മര്ക്കടമുഷ്ടിയിലും അതിയായ ധാർമിക രോഷം തോന്നിയ അദ്ദേഹം സ്വമേധയ കേസ് എടുക്കുകയും, ഗോപലാൻ ആചാരിയെ മോചിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു(Gopalan Achari vs. State of Kerala AIR 1981 SC 674). ഭരണകൂട ഭീകരതയെ നിശിതമായി വിമര്ശിക്കുന്ന ആ വിധിന്യായത്തിൽ, നിയമം നിയമരഹിതമായി പെരുമാറുമ്പോൾ സാമൂഹ്യനീതി  ഒരു പരിഹാസം ആയി മാറും എന്ന് വേദനയോടെ നിരീക്ഷിച്ചു.(if law behaves lawlessly, social justice becomes a judicial hoax). കടം വീട്ടാനകാത്തതിനാൽ ജയിൽ ശിക്ഷ അഭിമുഖീകരിക്കേണ്ടി വന്ന ജോളി ജോർജ് വര്ഗീസിന്റെ കേസിൽ(Jolly George Varghese vs. Bank of Cochin AIR 1980 SC 470), ദരിദ്രനാരായണൻമാര് തിങ്ങി പാര്ക്കുന്ന ഈ രാജ്യത്തിൽ ദാരിദ്രം ഒരു കുറ്റം ആകുന്നതെങ്ങന്നെ എന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു.  കാർക്കശ്യത്തോടെയുള്ള നിയമത്തിന്റെ പ്രയോഗം ഷൈലൊക്കും ആവശ്യപ്പെട്ടിരുന്നു എന്നും, അഭിനവ ശൈലോക്കുകൾ ആകാതെ, കരുണയോടെ പ്രവര്ത്തിക്കണം എന്നും, കഷ്ടകാലത്തെ കരുണ വരള്ച്ചയിലെ മഴകാര് പോലെ ആശ്വാസപ്രദം ആണെന്നും വളരെ കാവ്യാത്മകം ആയി ആ വിധി ന്യായത്തിൽ അദ്ദേഹം പരാമർശിക്കുന്നു.

സാമൂഹിക ഉദ്ധാനത്തിനു  തടസ്സമാകുന്ന ഒരു രൂക്ഷ ശിലയായി പരിണമിക്കാൻ നിയമത്തെ അനുവദിക്കാതെ, ദയയുടെയും സഹാനുഭൂതിയുടെയും മാനങ്ങൾ സമ്മേളിപ്പിച്ച് നിയമത്തെ കൂടുതൽ സചേതനം ആക്കുകയും, തന്റെ വിശാല മാനവിക ദർശനങ്ങൾ കൊണ്ട്  അതിനെ കൂടുതൽ ദീപ്തമാക്കുകയും ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു. സാമാജികൻ, മന്ത്രി, ന്യായധിപൻ എന്നിങ്ങനെ രാജ്യത്തിന്റെ എല്ലാ മേഖലകളിലും ശോഭിക്കാൻ കഴിഞ്ഞ ഇതു പോലത്തെ ഒരു മഹദ് വ്യക്തിത്വം ഇനി ചരിത്രത്തിൽ  ഉണ്ടാകുമോ എന്നത് സംശയകരം ആണ്.  കണ്ണ് കെട്ടി നിന്ന് കൊണ്ട്, നിര്മമതയോടെയും നിസ്സംഗതയോടെയും പ്രതികരിക്കുന്ന നീതിദേവതയുടെ സങ്കല്പത്തെക്കാൾ  അദ്ദേഹത്തിന് കൂടുതൽ പ്രിയം, എല്ലാം തുറന്നു കാണുന്ന, അനീതിയിലും അസമത്വതിലും സക്രിയമായി ഇടപെടുന്ന നീതിദേവിയുടെ സങ്കൽപം ആയിരുന്നിരിക്കണം.

ഔദ്യോഗിക പദവിയിൽ നിന്ന് വിരമിച്ചതിനു ശേഷവും അദ്ദേഹം സാംസ്കാരിക സാമൂഹിക മേഖലകളിൽ  സജീവമായി ഇടപെട്ടിരുന്നു. 'കൃഷ്ണ അയ്യര് സംസാരിക്കുമ്പോൾ, അത് ശ്രവിക്കാനായി രാജ്യം  നിശ്ചലമാകുന്നു" എന്ന് സുപ്രീം കോടതി സീനിയർ അഭിഭാഷകൻ ആയ ഫാലി.എസ്. നരിമാൻ പറഞ്ഞത് വളരെ അർത്ഥവത്താണ്.ഏതു സമൂഹിക വിഷയങ്ങളിലും കൃഷ്ണ അയ്യരുടെ അഭിപ്രായം അറിയാൻ ലോകം കാതോര്തിരുന്നു. വധശിക്ഷയുടെ ഉന്മൂലനം, കുട്ടികളുടെ അവകാശങ്ങൾ, മുതലായ വിഷയങ്ങളിൽ അദ്ദേഹം അക്ഷീണം പ്രയത്നിച്ചിരുന്നു. രാജീവ്‌ ഗാന്ധി കേസിൽ വധ ശിക്ഷ കാത്തു കിടന്ന പെരരിവാലാണ് വേണ്ടി അദ്ദേഹം ദയ ഹരജി തയ്യാറാക്കുകയും അതിനു വേണ്ടി ശ്രമിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജനുവരിയിൽ സുപ്രീം കോടതി പെരരിവലന്റെയും കൂട്ടരുടെയും വധ ശിക്ഷ ജീവപര്യന്തം ആക്കി മാറ്റുകയും ചെയ്തിരുന്നു. കൃഷ്ണ അയ്യര്ക്ക് അന്തിമ ഉപചാരം അര്പ്പിക്കാൻ പെരരിവാലന്റെ അമ്മ എത്തിയത് ആര്ദ്രമായ ഒരു കാഴ്ചയായി. അത് പോലത്തെ അനേകം സാധാരണ ജനങ്ങളുടെ മനസ്സില്  ജസ്റ്റിസ്‌ കൃഷ്ണ അയ്യര് അമര്ത്യനായി ജീവിക്കും. ആകാശവും ഭൂമിയും കടന്നു പോകും; എന്നാൽ എഴുതപ്പെട്ട വചനങ്ങളും സത്ക്രിത്യങ്ങളുടെ ഫലങ്ങളും ശാശ്വതം ആയി നില്ക്കും എന്നാണല്ലോ പറയപ്പെടുന്നത്‌. നമുക്ക് വഴി കാട്ടിയായി ഒരു മേഘ ജ്യോതിസ്സായി നില കൊണ്ട ആ മഹദ് വ്യക്തിത്വത്തിന് പ്രണാമങ്ങൾ. 

No comments:

Post a Comment